Tuesday, July 03, 2007

എയിഡ്സ് ബാധിച്ച മലയാള മനസ്സും അഞ്ചു പിഞ്ചുകളും.

രോഗം പാപമായും രോഗി പാപിയായും മാറുന്നത് നമ്മുടെ നാട്ടില്‍ പുത്തരിയല്ല. കുഷ്ടരോഗവും ക്ഷയവും വസൂരിയുമൊക്കെ ഒരോരോ കാലഘട്ടത്തില്‍ നാം പാപമായി കരുതി ബാധിക്കപെട്ടവരെ പാപികളായി കണ്ട് നാം നിര്‍ദ്ദാക്ഷണ്യം ശിക്ഷിച്ചിട്ടുണ്ട്. ജയലില്‍ അടക്കുന്നത് കുറ്റവാളിയെ ഏകാന്തവാസമെന്ന ശിക്ഷക്ക് വിധേയനാക്കാനാണെങ്കില്‍ നമ്മുടെ മലയാളത്തില്‍ മാരകരോഗങ്ങളാല്‍ വലയുന്നവരെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുക എന്ന കൊടും ശിക്ഷക്ക് വിധേയമാക്കുന്നത് പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിയുടെ ശീലമായി മാറികഴിഞ്ഞിരിക്കുന്നു.

ഇന്നിന്റെ പാപം എച്ച്. ഐ. വി. യാണ്. തെറ്റു ചെയ്യുന്നവരെ മാത്രമേ പിടികൂടുള്ളു ഈ മഹാരോഗമെന്ന് വിദക്തര്‍ നിമിഷം പ്രതി ഒച്ചയിടുന്നു. മാനസ്സികമായി പക്വതയെത്താത്ത മലയാള മനസ്സ് ഈ നിര്‍വചനം പിന്‍പറ്റി എച്ച്.ഐ.വി. ബാധിക്കുന്നവരയൊക്കെയും പാപത്തിന്റെ ശമ്പളം പറ്റിയവരായി കാണുന്നു. പരിഹാരമില്ലാത്ത പാപമായ എയിഡ്സ് ബാധിച്ചവരെയൊക്കെയും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപെടുത്തി കുത്തുവാക്കുകാളല്‍ ഹൃദയത്തെ കൊത്തിപറിച്ച് രോഗം ബാധിച്ചവരുടെ മരണം എളുപ്പമാക്കുന്നു. പകരുന്നതെങ്ങനെയെന്ന് കൃത്യമായിട്ടറിയാമെങ്കിലും ഒരുവന്റെ ഇറച്ചി തിന്നാന്‍ കിട്ടുന്ന അവസരം പ്രബുദ്ധകേരളം ശരിക്കും ഉപയോഗിക്കുന്നു.

പാമ്പാടി എം.ഡി.എല്‍.പി സ്കൂളിലെ ആ അഞ്ചു പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാന്‍ മലയാള മനസ്സാക്ഷിക്ക് കഴിയുന്നില്ല. പാപം ബാധിച്ചവരെ ഒരു നിമിഷം മുന്നേ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന ചിന്തയില്‍ തങ്ങളുടെ പൊന്‍‌കുഞ്ഞുങ്ങളെ പോലെ തന്നെ സമൂഹത്തിന്റെ സംരക്ഷണം അര്‍ഹിക്കുന്നവരാണ് ആ കുഞ്ഞുങ്ങളുമെന്ന് ചിന്തിക്കാന്‍ നമ്മുക്കിനി എന്ന് കഴിയും. പാപം ബാധിച്ചവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിക്കില്ല എന്ന് രക്ഷാകര്‍ത്താക്കള്‍. ടി.സി. വാങ്ങി സ്കൂള്‍ മാറ്റുന്ന രക്ഷാകര്‍ത്താക്കള്‍ ആധുനിക യുഗത്തില്‍ ഏതെങ്കിലും ഒരു കൈപ്പിഴയില്‍ തങ്ങള്‍ക്കു ഇങ്ങിനെയുള്ള ദൌര്‍ഭാഗ്യങ്ങള്‍ സംഭവിക്കാം എന്ന് ചിന്തിക്കുന്നില്ല. അപ്പോള്‍ സമൂഹത്തില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഈ ഗതി വരാമെന്നും തങ്ങള്‍ തന്നെയും ഒറ്റപെട്ടു പോകുന്ന ദുരന്തം സംഭവിക്കാമെന്നും ഒരുനിമിഷം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു.

തങ്ങളുടെ തെറ്റു കൊണ്ടല്ലാതെ എച്ച്.ഐ.വിക്ക് അടിപെട്ട ഈ കുഞ്ഞുങ്ങളെ മനസ്സിന് എയിഡ്സ് ബാധിച്ച ഒരു സമൂഹത്തിലെ സ്കൂളില്‍ പഠിപ്പിക്കുന്നതും ഗുണപരമാകുമോ? കേവലം ഒരു “വിക്ക്” ഉള്ള സഹപാഠി നമ്മുക്ക് “വിക്കനാണ്”. കാലിന് സ്വാധീനമില്ലാത്ത സഹപാഠി “മുടന്തന്‍”. അവരുടെ യഥാര്‍ത്ഥ പേരുകള്‍ രജിസ്റ്ററുകളില്‍ മിഴിച്ചു കിടക്കും. നമ്മുക്കെപ്പോഴും വിക്കനും, മുടന്തനും, ചെകിടാനും, പൊട്ടനുമൊക്കെയായിരിക്കും. അതുപോലെ ഈ കുട്ടികളെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ അനുവദിച്ചാല്‍ തന്നെയും സഹപാഠികളാല്‍ ഇവര്‍ നിരന്തരം അപമാനിക്കപെടുകയില്ലേ? മാനസ്സികമായുള്ള മരണം മറ്റെന്തിനേക്കാളും ഭയനകമല്ലേ? പക്വതയെത്താത്ത അദ്ധ്യാപകരും ഈ കുട്ടികളെ കാണുക പാപികളായി തന്നെയായിരിക്കുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. ആ കുട്ടികളെ സംബന്ധിച്ചിടത്തോളം തികച്ചും അരാജകമായ ഒരു അന്തരീക്ഷത്തില്‍ അവരുടെ വ്യക്തിത്വ വികാസത്തിന് പകരം മാനസ്സിക മരവിപ്പായിരിക്കും സംഭവിക്കുക.

“പാമ്പാടി എം.ഡി.എല്‍.പി സ്കൂളിലെ എല്ലാകുട്ടികളും പിരിഞ്ഞു പോയാലും ആ കുട്ടികള്‍ അഞ്ചു പേരേയും ആ സ്കൂളില്‍ തന്നെ പഠിപ്പിക്കും” എന്ന മന്ത്രിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമായെങ്കില്‍ മാത്രമേ ആ കുട്ടികള്‍ക്ക് മനസ്സമാധാ‍നത്തോടെ തങ്ങളുടെ പഠനം തുടരാന്‍ കഴിയുള്ളു. അതായത് ആ കുട്ടികള്‍ക്കും അതു പോലെയുള്ള ദൈന്യ ബാല്യങ്ങള്‍ക്കും സൊയിരമായി വിഹരിക്കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഗവണ്മെന്റ് ഉണ്ടാക്കണം. പ്രത്യാക സ്കൂളുകള്‍ ഉണ്ടാക്കി അടിസ്ഥാന പരിശീലനം ലഭിച്ച സേവനതല്പരരായ അദ്ധ്യാപകരെ നിയമിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഡോക്ടറോ അല്ലെങ്കില്‍ പരിശീലനം സിദ്ധിച്ച നേഴ്സുമാരോ ലഭ്യമാകുന്നതരത്തില്‍ എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂളുകള്‍ ഉണ്ടാക്കി സമൂഹം പാപികളായി വിധിക്കുന്ന കുട്ടികള്‍ക്ക് പുനരധിവാസം ഒരുക്കി നാം മാതൃക കാട്ടണം. തങ്ങള്‍ മറ്റുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തരല്ലായെന്നും മനുഷ്യജന്മങ്ങള്‍ തന്നെയാണെന്നും പഠിച്ച് വളരേണ്ടവരാണെന്നും സമുഹത്തിന്റെ മനസ്സില്‍ ബാധിച്ച ദുഷിച്ച രോഗങ്ങളെ ഇല്ലായ്മചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കും കൂടിയാണെന്നും തിരിച്ചറിഞ്ഞ് മിടുക്കന്മാരായി വളര്‍ന്ന് വരാന്‍ തക്ക ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കപെടുന്ന വിദ്യാലയങ്ങള്‍ ഉണ്ടാകട്ടെ. എന്നിട്ട് ആ വിദ്യാലയങ്ങളെ ഓര്‍ത്ത് നമ്മുക്കു അഭിമാനിക്കാം. അല്ലാതെ ഒറ്റപ്പെടലിന്റെ ദുരന്തങ്ങളിലേക്ക് പിഞ്ചു ബാല്യങ്ങളെ തള്ളി വിട്ട് നിയമം നിര്‍വഹിച്ച് കൈയ്യും കെട്ടി നോക്കിയിരുന്നാല്‍ പിഞ്ചിലേ പാപികളാകേണ്ടി വരുന്നവരുടെ ശാപങ്ങളുടെ പാപം നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കല്പാന്തകാലത്തോളം.

15 comments:

അഞ്ചല്‍കാരന്‍ said...

“പട്ടാമ്പി സ്കൂളിലെ എല്ലാകുട്ടികളും പിരിഞ്ഞു പോയാലും ആ കുട്ടികള്‍ അഞ്ചു പേരേയും ആ സ്കൂളില്‍ തന്നെ പഠിപ്പിക്കും” എന്ന മന്ത്രിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമായെങ്കില്‍ മാത്രമേ ആ കുട്ടികള്‍ക്ക് മനസ്സമാധാ‍നത്തോടെ തങ്ങളുടെ പഠനം തുടരാന്‍ കഴിയുള്ളു.

എല്ലാ വിധത്തിലും ഒറ്റപെട്ടു പൊകാവുന്ന ഒരു സാഹചര്യത്തില്‍ തിരിച്ചറിവ് ഉറച്ചിട്ടില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളെ തള്ളി വിടുനത് ഉചിതമാണോ?

ദില്‍ബാസുരന്‍ said...

ശരിയാണ് അഞ്ചല്‍ക്കാരാ. അവരെ സ്കൂളില്‍ നിര്‍ബന്ധമായി ചേര്‍ത്താലും മാനസികമായി അകറ്റി നിര്‍ത്തുന്നത് ദോഷകരമായേ അവരെ ബാധിയ്ക്കൂ.

Dinkan-ഡിങ്കന്‍ said...

സങ്കടകരമായ അവസ്ഥ തന്നെ അല്ലെ? ഡമ്പ്&ഡെഫ്, മെന്റലി റിടാര്‍ഡെഡ് എന്നിവര്‍ക്കുള്ളത് പോലെ വൈദ്യ സഹായമുള്ള ഒരു സ്കൂള്‍ ഇത്തരക്കാര്‍ക്കുണ്ടായിരുന്നെങ്കില്‍ ആശ്വാസമായേനെ.വിവേചനം വേണം എന്നല്ല പറഞ്ഞത്. നമ്മുടെ സമൂഹത്തിന് മാസനിക വളര്‍ച്ച എത്തു(മെങ്കില്‍)ന്നത് വരെയെങ്കിലും അങ്ങനെ ഒരു ശ്രമവും ആകാം. നല്ല ലേഖനം

ചക്കര said...

കേരള സമൂഹത്തിന് മാനസിക വളറ്ച്ചയോ? അതെന്താ സാധനം ഡിങ്കാ? മലയാളി മനസ്സ് വര്‍ഷം ചെല്ലുന്തോറും ചുരുങ്ങുകയാണന്നാണ് കലാമണ്ടലത്തില്‍ കൂത്ത് പഠിക്കുവാന്‍ വന്ന ഒരു ജറ്മ്മന്‍ മദാമ്മ പറഞ്ഞത്..പോയിപ്പോയി പണ്ട് വിവേകാനന്ദന്‍ വന്നപ്പോഴുണ്ടായിരുന്ന സ്ഥിതിയാകും:(

കുട്ടമ്മേനൊന്‍::KM said...

പട്ടാമ്പിയിലെ മാത്രമല്ല ,ഒരു പക്ഷേ ആഫ്രിക്കന്‍ രാജ്യങ്ങളിലൊഴിച്ച് ലോകത്ത് മറ്റേതൊരു സ്കൂളിലും ഇതു തന്നെയാണ് സംഭവിക്കുക. മൂന്നു വര്‍ഷം മുമ്പ് സാമ്പിയയിലെ ഒരു സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മൊത്തം കുട്ടികളില്‍ 20 ശതമാനവും എച്.ഐ.വി ബാധിച്ചവരാണെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. അതില്‍ എത്രയോ കൂടുതല്‍ ശതമാനം ടെസ്റ്റ് ചെയ്യാത്ത കുട്ടികള്‍ ഉണ്ടാവും. അവിടെ ഇതെക്കുറിച്ച് രക്ഷിതാക്കള്‍ അത്ര ബോധവാന്മാരല്ല. കേരളത്തില്‍ അങ്ങനെയല്ലല്ലോ. എയ്ഡ്സിന്റെ മാരകമുഖങ്ങള്‍ മാധ്യമങ്ങളില്‍ ജനം കാണുന്നു. എച്.ഐ. വി. ബാധിച്ച കുട്ടികളേ പഠിപ്പിക്കാന്‍ ഗവര്‍മെന്റ് മറ്റൊരു സെറ്റപ്പ് ചെയ്യുകയാണ് വേണ്ടത്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അന്ചല്‍ക്കാരാ, എല്ലാഅര്‍ഥത്തിലും താങ്കളുടെ വികാരങ്ങളോട് യോജിക്കുന്നുവെങ്കിലും, മാരകമായ ഒരു രോഗം കയ്യെത്തുന്ന അകലത്തില്‍ ഉള്ള ഒരു സ്ഥലത്ത് സ്വന്തം കുഞ്ഞുങ്ങളെ അയച്ചിട്ട് ജോലി സ്ഥലത്തോ വീട്ടിലോ ഇരിക്കുന്ന മാതാപിതാക്കള്‍ക്ക് സമാധാനമായിരിക്കാന്‍ കഴിയുമോ? അവര്‍ ഉത്ഘണ്ടപ്പെടുന്നതില്‍ അര്‍ഥമൊന്നുമില്ലെന്നും ഇതു സമൂഹത്തിന്റെ മനസ്സിലെ വൃണമാണെന്നും നമുക്കെല്ലാം പറയാം പക്ഷേസ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ നിങ്ങളും ഞാനുമടക്കം എല്ലാവരും സ്വാര്‍ഥന്മാരാകുമെന്നാണ്‌ എനിക്കുതോന്നുന്നത്. കാരണം ഒന്നുമറിയാത്തകുട്ടികള്‍ തമ്മില്‍ കളിക്കാനും, ഉരുണ്ടു വീഴാനും, ചോര പൊടിയാനും, ഒരാള്‍ തിന്നതിന്റെ പാതി മിഠായി കഴിക്കാനുമെല്ലാം സ്കൂളില്‍ സാഹചര്യമുണ്ട്. ഇതില്‍ നിന്നൊക്കെ ആ അന്ചുകുട്ടികളെ വിലക്കുകയോ മാറ്റി നിറ്ത്തപ്പെടുകയോ ചെയ്യുന്നതുംവലിയ തെറ്റു തന്നെയാണ്‌. പക്ഷേ ആരു പിരിഞ്ഞുപോയാലും അവരെ അന്ചുപേരെയും അവിടെ തന്നെ പഠിപ്പിക്കും എന്നൊക്കെ പറയുന്നത് ഒരു തരം വസ്തുതകള്‍ക്ക് നേരേ കണ്ണടച്ചുകൊണ്ടുള്ള മര്‍ക്കടമുഷ്ടിയാണ്‌. ഇവിടെ രക്ഷകര്‍ത്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാനുള്ള നടപടികളാണ്‌ ആദ്യം ചെയ്യേണ്ടത്‌. അതിനുവേണ്ടി മന്ത്രിമാരുടേയോ ഉന്നത ഉദ്യോഗസ്ഥരുറ്റേയോ മക്കളെ ആസ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ തയ്യാറാകുമോ? രോഗബാധിതരായ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധക്ക് എന്തുനടപടികളാണ്‌ സ്കൂളില്‍ ഏടുത്തിരിക്കുന്നത്‌? അധ്യാപകരുടെ വിശ്വാസം പൂര്‍ണമായും ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? കോടതികള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കാനല്ലേ കഴിയൂ സാമൂഹിക പരിവര്‍ത്തനത്തിനോ സമൂഹത്തിന്റെ കാഴ്ചപ്പാട്മാറ്റാനോ കഴിയുമോ?

കുറുമാന്‍ said...

ഹോ, ഭീകരം തന്നെ ഈ അവസ്ഥ. വസൂരി വന്നിരുന്ന കാലത്ത് ആളുകളെ അകറ്റി നിര്‍ത്തുന്നതൂം, ഒറ്റപെടുത്തുന്നതും, മറ്റും, കേട്ടും വായിച്ചും അറിഞ്ഞിട്ടുണ്ട്. ഇത് അതിലേറെ ശോചനീയം.

കഴിഞ്ഞ മാസം എന്റെ ഓഫീസില്‍ പുതുതായി വന്ന ഒരു പയ്യന്‍ മെഡിക്കല്‍ ടെസ്റ്റിനു പോയപ്പോള്‍ എച്ച് ഐ വി പോസറ്റീവ് ആണെന്ന് തെളിഞ്ഞു. ആ നിമിഷം അവര്‍ അവനെ പിടിച്ച്, ഒരു കൂട്ടിലടച്ചു മറ്റു എച്ച് ഐ വി പോസറ്റീവു കാരോടൊപ്പം. ആ മുറിയുടെ അവസ്ഥ = 8 ബൈ 10 - 20ഓളം പേര്‍ ഒരു മുറിയില്‍. ഭക്ഷണം വരെ, ഒരു കിളിവാതിലിലൂടെ ശാന്തിക്കാരന്‍ പ്രസാദം ഇലക്ക്കീറില്‍ കയ്യില്‍ തൊടാതെ ഇടുന്നതുപോലെയാണ് കൊടുക്കുന്നത്.

എങ്ങിനേയോ വന്നു പെട്ട ഈ വൈറസ് അവര്‍ അറിയുന്നത് ഈ മെഡിക്കല്‍ ടെസ്റ്റിലൂടെയാണ്. അവര്‍ക്ക്ക് സ്വാന്തനം നല്‍കുന്നതിനുപകരം മരിക്കാന്‍ പ്രേരിപ്പിക്കുന്ന കോപ്രായങ്ങള്‍.........

ജനശക്തി ന്യൂസ്‌ said...

മന്ത്രി ബേബിയുടെ പ്രസ്താവന അക്ഷരം പ്രതി നടപ്പാക്കണം. പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളിയരുടെ മനസ്സിന്നും വളര്‍ന്നിട്ടില്ല.

nimisha said...

ഇത് ന്വൂസില്‍ കണ്ടു.
ശരിക്കും വിഷമം തൊന്നി ആ കുട്ടികളുടെ കാര്യിഅം ഓര്‍ത്തപ്പോള്‍.

ശാലിനി said...

ആ കുട്ടികള്‍ എന്തു തെറ്റുചെയ്തു?

ദില്‍ബുവിന്റെ കമന്റിന് ഒരൊപ്പ്.

തറവാടി said...

അഞ്ചല്‍ക്കാരാ , പോസ്റ്റ് നന്നായി ,

ഒരഭിപ്രായം പറയുമ്പോള്‍ ആഥ്മാര്‍ത്ഥതയോടെപ്പറയണം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ പറയുന്നു,

അണ്ടിയോടടുക്കുമ്പോളല്ലേ മാങ്ങയുടെ പുളിയറിയൂ.

ബാലിശമായ നിര്‍ബന്ധങ്ങളെക്കാള്‍ പ്രായോഗികമായെടുക്കെണ്ട തീരുമാനങ്ങളാണ്‌ നല്ല മന്ത്രിമാരില്‍നിന്നുമുണ്ടാവേണ്ടത് ,

അപ്പു said...

അഞ്ചല്‍ക്കാരാ, നല്ല ചിന്തകള്‍. പാവം കുട്ടികള്‍! ഇവര്‍ക്ക് എത്രനാള്‍കൂടി ആയുസുണ്ടാവും?

കൊച്ചുത്രേസ്യ said...

മാരകമായ ഈ രോഗം തങ്ങളുടെ കുട്ടികള്‍ക്കും പകര്‍ന്നാലോ എന്ന ഭീതിയായിക്കില്ലെ രക്ഷിതാക്കളെ ഇങ്ങനെയൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്‌??എയ്ഡ്സിനെപറ്റിയും HIV-യെ പറ്റിയുമൊക്കെ ഇപ്പോഴും ഗവേഷണങ്ങള്‍ നടത്തി തീരാത്ത സ്ഥിതിയ്ക്ക്‌ ഈ ഭീതി തികച്ചും ന്യായവുമാണ്‌..ഇനിയിപ്പോ മന്ത്രി ഭീഷണിപ്പെടുത്തി മറ്റു കുട്ടികളെ ചേര്‍ത്താല്‍ തന്നെയും അതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.തല്ലിയും വഴക്കുപറഞ്ഞുമൊന്നും പരസ്പരവിശ്വാസവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ പറ്റില്ലല്ലോ?ഇങ്ങനെയുള്ള കുട്ടികള്‍ക്ക്‌ വേണ്ടി സ്പെഷ്യല്‍-സ്കൂളുകള്‍ ഉണ്ടാക്കുക തന്നെയാണ്‌ വേണ്ടത്‌.ഇതൊരകറ്റി നിര്‍ത്തലല്ല.അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാന്‍ വേണ്ടി പരിശീലനം കൊടുക്കാനുള്ള ഒരു വഴി-അത്ര മാത്രം.ആ കുട്ടികളുടെ ഭാവിയ്ക്കും ഇതു തന്നെയായിരിക്കും നല്ലത്‌.
വികാരത്തെക്കാള്‍ വിവേകത്തിനും പ്രായോഗികതയ്ക്കുമാണിവിടെ മുന്‍-തൂക്കം കൊടുക്കേണ്ടത്‌.

അഞ്ചല്‍കാരന്‍ said...

“പാമ്പാടി എം.ഡി.എല്‍.പി. സ്കൂളിലെ എല്ലാ കുട്ടികളും പിരിഞ്ഞ് പോയാലും ആ കുട്ടികള്‍ അഞ്ചു പേരേയും ആ സ്കൂളില്‍ തന്നെ പഠിപ്പിക്കും.”
അതു തന്നെയാണ് വേണ്ടത്. ആ സ്കൂളിലെ മറ്റു കുട്ടികള്‍ പിരിഞ്ഞു പോകട്ടെ. ആ സ്കൂള്‍ ആ കുട്ടികള്‍ അഞ്ചു പേര്‍ക്കും ഒപ്പം തങ്ങളെ പോലെ തന്നെ തുല്യ ദുഃഖിതരായ മറ്റു കുട്ടികള്‍ക്കും ചേര്‍ന്ന് പഠിക്കാന്‍ തക്ക രീതിയില്‍ ഇന്ന് ഈ പിഞ്ചുകളോട് കാട്ടുന്ന ക്രൂരതക്ക് സ്മാരകമായി ആ സ്കൂളിനെ മാറ്റണം. എന്നിട്ട് കേരളത്തിലെ മറ്റേതൊരു സ്കൂളിനേം കിടപിടിക്കുന്ന തരത്തിലുള്ള എല്ലാ ഭൌതിക സൌകര്യങ്ങളും ഒരുക്കി നമ്മുക്ക് ആ കുട്ടികളോടും ഈ ഭീകര രോഗത്തിന് തങ്ങളുടെ തെറ്റു കൊണ്ടല്ലാതെ അടിപെടുന്ന ബാല്യങ്ങളോടും പ്രായശ്ചിത്തം ചെയ്യാം.

കുഞ്ഞിലെ പാപ ഭാരം ചുമക്കേണ്ടി വന്ന ഈ കുരുന്നുകളെ മുഖ്യധാരയിലിറക്കി നിര്‍ത്തിയാല്‍ അവരെ നമ്മുടെ “പ്രബുദ്ധ” സമൂഹം ജീവനോടെ കൊത്തി പറിക്കുന്നത് കാണേണ്ടി വരും.

അധികാരികള്‍ പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ കണ്ടില്ലങ്കില്‍ ഇത്തരം കാടത്തങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല തന്നെ. ഇങ്ങിനെ ദുരന്തം അനുഭവിക്കുന്നവരെ, തിരിച്ചറിവ് എത്തും വരെയെങ്കിലും സ്റ്റേറ്റ് ഏറ്റെടുത്ത് അവരെ സമൂഹത്തിന്റെ പൊതു ധാരയിലേക്ക് നയിക്കണം.

ഈ വഴി വരികയും അഭിപ്രായങ്ങള്‍ പങ്കു വക്കുകയും ചെയ്ത ദില്‍ബുവിനും ഡിങ്കനും ചക്കരക്കും കുട്ടേട്ടനും ഷാനവാസിനും കുറുമാനും ജനശക്തി ന്യൂസിനും നിമിഷക്കും ശാലിനിക്കും തറവാടിക്കും അപ്പുവിനും കൊച്ചു ത്രേസ്യക്കും നന്ദി.

Anand Kurup said...

ഇങ്ങനെയൊരു വിഷയം എഴുതിയതിനും അഭിപ്രായം തുറന്നു പറഞ്ഞതിനും നന്ദി. 7 വര്‍ഷത്തൊളം HIV prevention & AIDS care and support ചെയ്യുന്ന സംഘടനകളോടൊത്ത് കേരളത്തിലും ആന്ധ്രയിലും Tamil nadilum ജോലി ചെയ്ത അനുഭവം വച്ചുകൊണ്ട് അന്ചല്‍ കാരന്‍ പറഞ്ഞതിനോടു പൂര്‍ണമായും യോജിക്കുന്നു.

Shanavas: "ഒന്നുമറിയാത്തകുട്ടികള്‍ തമ്മില്‍ കളിക്കാനും, ഉരുണ്ടു വീഴാനും, ചോര പൊടിയാനും, ഒരാള്‍ തിന്നതിന്റെ പാതി മിഠായി കഴിക്കാനുമെല്ലാം സ്കൂളില്‍ സാഹചര്യമുണ്ട്. ഇതില്‍ നിന്നൊക്കെ ആ അന്ചുകുട്ടികളെ വിലക്കുകയോ മാറ്റി നിറ്ത്തപ്പെടുകയോ ചെയ്യുന്നതുംവലിയ തെറ്റു തന്നെയാ"

ഇതൊന്നും കൊണ്ട് HIV വരില്ല എന്ന് അറിയുക. വെറും excuse കളാണ്. ഇപ്പോള്‍ HIV വന്നിരിക്കുന്ന കുട്ടികളില്‍ 99 % അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള transmission ആണ്.പിന്നെ ഇഞ്ജെക്ഷനിലൂടെയും street childrenന്റെ ഇടയില്‍ sexലൂടെയുമാണ്‍ പകരുന്നത. Indiaയില്‍ മുതിര്‍ ന്നവരുടെയിടയില്‍ 85% വും sex ലൂടെയാണു HIVപകരുന്നതു.