Wednesday, August 29, 2007

പത്ര പ്രവര്‍ത്തനം.

“പിള്ളയെ, കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി...”
“ചൂടുള്ള വാര്‍ത്ത....വായിക്കൂ...ഒരു രൂപാ മാത്രം...ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...”
കൊല്ലത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ ആലപ്പി ബസ് സ്റ്റേഷനിലെ അന്തിപത്ര കച്ചവടം പൊടിപൊടിക്കുന്നു. ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലം. ഇതെന്ത് കൂത്ത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പോളിറ്റ് ബ്യൂറോയെ പുറത്താക്കുകയോ?

ചൂടപ്പം പോലെ തന്നെ പത്രം വിറ്റുപോകുന്നുമുണ്ട്. അന്തിപത്രം അത്ര പത്യം അല്ലെങ്കിലും ഒരു രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു.

ഒന്നാം പേജ് അരിച്ച് പെറുക്കി “പിള്ളയെ പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി” വാര്‍ത്ത മാത്രം കാണാനില്ല.
രണ്ടാം പേജിലും ങേ..ഹേ. അങ്ങിനെയൊരു വാര്‍ത്തയേ ഇല്ല.
മൂന്നാം പേജിലെ ആറാം മൂലക്ക് ദേണ്ടെ കിടക്കുന്നു പ്രമാദമായ ആ വാര്‍ത്ത.

പുറത്താക്കി.
പള്ളിമുക്ക്: കേരളാ കോണ്‍ഗ്രസ് (ബി) പള്ളിമുക്ക് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ശ്രീ.ശിവദാസന്‍ പിള്ളയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി........

റിപ്പോര്‍ട്ടിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ “പത്രധര്‍മ്മം” ഉള്‍കുളിരായി നഖം മുതല്‍ മുടി വരെ പടര്‍ന്ന് കയറി.

13 comments:

അഞ്ചല്‍കാരന്‍ said...

ചൂടുള്ള വാര്‍ത്ത...ഒരു രൂപാ മാത്രം...ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത....

ഇത്തിരിവെട്ടം said...

ടൌണില്‍ സംഘട്ടനം... അഞ്ചാള്‍ മരിച്ചു എന്ന് ഉച്ചത്തില്‍ വിളിച്ച് പറയുന്നതും കേട്ട് പത്രം വാങ്ങിയവര്‍ അത് വായിച്ചത് ഇങ്ങനെ. കോഴിക്കോട് ടൌണില്‍ രണ്ട് പോര്‍ട്ടര്‍മാര്‍ തമ്മില്‍ സംഘട്ടനം. ബ്രസീലില്‍ തീപിടുത്തത്തില്‍ അഞ്ചാള്‍ മരിച്ചു.

ഇത് സാമ്പിള്‍ മാത്രം... (സായഹ്ന പത്രത്തിന് ഞങ്ങളെ നാട്ടുകാര്‍ പറയാറുള്ളത് ഉച്ചപ്പൊള്ള് എന്നാണ്)

കുട്ടന്‍സ്‌ | S.i.j.i.t.h said...

2001 സെപ്തംബര്‍ 11 വൈകീട്ട് 6:00 മണീ..
സ്ഥലം കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്..
വീട്ടിലേക്ക് പോവാനുള്ള ബസ്സില്‍ ഇരിക്കുന്ന ഞാന്‍ പുറത്ത് നിന്നും ചില വാക്കുകള്‍ കേട്ട് ശ്രദ്ധിച്ചു..
“വൃക്ക രോഗത്തോട് പൊരുത്തപ്പെട്ട് നടന്‍ സിദ്ദീഖ് യാത്രയായീ..” സായാഹ്ന ദിനപത്രം വില്‍ക്കുന്ന എന്റെ നാട്ടുകാരന്‍ കൂടിയായ അടിച്ചിപ്പുറം ഷൈജുവാണു..
സിദ്ദീഖ് നമ്മടേ ഇഷ്ടനടനാണ്..തൊട്ടടുത്ത സീറ്റിലിരുന്ന ആള്‍ പത്രം വാങ്ങി ഞാന്‍ ഒളികണ്ണിട്ട് നോക്കി ശരിയാണു പുറം പേജില്‍ തന്നെ സിദ്ദീഖിന്റെ ചിത്രം ഉണ്ട്..
സിനിമാ മോഹം മനസ്സില്‍ കൊടുംബിരിക്കൊണ്ട കാലമായിരുന്നതു കൊണ്ട് മനസ്സില്‍ രൂപപ്പെടുത്തി വെച്ച ചില കഥാപാത്രങ്ങള്‍ക്ക് സിദ്ദീഖിന്റെ മുഖം നല്‍കിയത് മാറ്റി പ്രതിഷ്ഠിക്കാന്‍ ആര് എന്ന വ്യഥയുമായി വീട്ടിലെത്തി ടി.വി ന്യൂസ് കേള്‍ക്കാന്‍ ഓടിയെത്തിയ ഞാന്‍ കണ്ടത് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ച് കയറുന്ന വിമാനങ്ങളാണ്..
ഒരു പക്ഷെ ഈ വാര്‍ത്തയില്‍ സിദ്ദീഖിന്റെ നിര്യാണം മുങ്ങിപ്പോയതാവാമെന്നു കരുതി..

ഇന്നും അറിയില്ല എന്തിനാണാ സായാഹ്ന ദിനപത്രം അങ്ങിനെ വാര്‍ത്ത എഴുതിയതെന്നു..

:)
അഞ്ചല്‍ക്കാരാ..നന്നായിട്ടുണ്ട്..

തറവാടി said...

പത്രധര്‍മ്മം , അതെന്തു സാധനമാ അഞ്ചല്‍ക്കാരാ?

മന്‍സുര്‍ said...

പ്രിയ അഞ്ച്ചല്‍ക്കാര

കോഴികോട് നിന്നു നിലംബൂരിലേകുള്ള യാത്രയില്‍ ഒരു തവണ ഞാനും മുങ്ങിപോയ് ഈ നുണ എക്സ്സ്പ്രസില്‍ ...

നന്നായിട്ടുണ്ടു.

സസ്നേഹം
മന്‍സൂര്‍

സുനീഷ് തോമസ് / SUNISH THOMAS said...

സായാഹ്നപത്രത്തെ കുറ്റം പറയരുത്. അഞ്ചലെഴുതിയതും തുടര്‍ന്നിങ്ങോട്ടു കമന്‍റിട്ടതുമായ കാര്യങ്ങളൊക്കെ സത്യവുമാണ്. പക്ഷേ, സായാഹ്നപത്രം ദിവസവും ഉച്ചകഴിഞ്ഞു വീട്ടിലെത്തുന്ന ഒന്നല്ലെന്നു മനസ്സിലാക്കുക. അതിനു സ്ഥിരം വരിക്കാരില്ല. അതുകൊണ്ടു തന്നെ അതു വില്‍ക്കുന്നവര്‍ പല അടവും പ്രയോഗിക്കും. പക്ഷേ, അത് പത്രം പടച്ചുവിടുന്നവര്‍ പ്രയോഗിക്കുന്ന അടവല്ല. അവര്‍ എഴുതിയ വാര്‍ത്ത ശരി തന്നെ. പുറത്താക്കിയ പിള്ളയേതെന്നു വ്യക്തമാക്കാതെ പത്രം വിറ്റത് വില്‍പനക്കാരനാണ്. കാരണം, അവനും ജീവിക്കണമല്ലോ. ഒരു രൂപ കൊടുത്തു വഞ്ചിതരാകുന്നതില്‍ മാത്രമേ എല്ലാവര്‍ക്കും ദുഖമുള്ളൂ.
കുത്തിയിരുന്നുണ്ടാക്കിയ ദുര്‍മേദസ്സും കുടവയറും കുറയ്ക്കാന്‍ ടെലിബ്രാന്‍ഡ്സ് ഷോയില്‍കാണുന്ന സാധനം ആയിരങ്ങള്‍ മുടക്കി വാങ്ങി വഞ്ചിതരാകുന്നതു മുതല്‍ എത്രയോ സംഭവങ്ങള്‍? അതിനെതിരെ ആരും പ്രതികരിക്കാത്തതെന്തേ? അതിനെക്കാള്‍ വിലയുള്ളതാണോ ഈ ഒരു രൂപ?!!!
രണ്ടുവര്‍ഷം ഒരുസായാഹ്ന പത്രത്തില്‍ ജോലി ചെയ്തതിന്‍റെ ഓര്‍മയില്‍ ഇത്രയെങ്കിലും എഴുതാതെ തരമില്ല.

പിന്നെ, തറവാടീ...
പത്രധര്‍മം എന്നൊരു സാധനമുണ്ട്. അതുപക്ഷേ, കടയില്‍ മേടിക്കാന്‍ കിട്ടില്ല. നമ്മളിപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്യം ഉള്‍പ്പെടെ പലതും നേടിയെടുക്കുന്ന കാലം മുതല്‍ ഇപ്പോഴും കുറഞ്ഞ അളവിലെങ്കിലും അതു നമുക്കിടയിലുണ്ട്. കണ്ണുള്ളപ്പോള്‍ അതിന്‍റെ വില അറിയില്ലെന്നു പറയും പോലെ അങ്ങു കൂട്ടിയാല്‍ മതി. അടച്ചാക്ഷേപിക്കരുതേ....!!!!

അഞ്ചലേ, സ്മൈലി സ്മൈലി സ്മൈലി.....!!!!!
:)

സഹയാത്രികന്‍ said...

:D

അഞ്ചല്‍കാരന്‍ said...

സായഹ്ന പത്രത്തെയോ പത്ര പ്രവര്‍ത്തനത്തെയോ പത്ര വിതരണത്തെയോ വിമര്‍ശിക്കുക ഈ പോസ്റ്റിന്റെ ലക്ഷ്യമല്ലാ എന്ന് അറിയിച്ചു കൊള്ളട്ടെ. പതിനഞ്ച് വര്‍ഷം മുമ്പ് നഷ്ടപെട്ട ഒരു രൂപയും അല്ല വിഷയം. യഥാര്‍ത്ഥത്തില്‍ ആ വാര്‍ത്തയും ആ പത്രക്കാരനേയും ഒക്കെ ഇപ്പോഴും ഓര്‍ക്കുന്നു എന്നതാണ് ആ വിതരണകാരന്റെ വിപണന തന്ത്രം തന്ന അനുഭവം. ഞാന്‍ ആ തമാശ അന്നും നന്നായി ആസ്വദിച്ചിരുന്നു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും. ഒരു ബസ്സ് വന്ന് നിന്ന് പോകുന്ന നേരം കൊണ്ട് എത്ര സുന്ദരമായി കച്ചവടം നടത്താന്‍ അയാള്‍ക്ക് കഴിയുന്നു എന്നതാണ് പ്രസക്തമായ ചിന്ത.

ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം “ഗള്‍ഫ് ന്യൂസില്‍” പൊതുമാപ്പുമായി ബന്ധപെട്ട് ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്.

അനുഭവങ്ങള്‍ പങ്കുവച്ചതിനും, ബ്ലൊഗില്‍ അല്പം നേരം തങ്ങുന്നതിനും അഭിപ്രായം പറയുന്നതിനും സമയം കണ്ടെത്തിയതിനും ഇത്തിരിക്കും കുട്ടന്‍സിനും തറവാടിക്കുംസുനീഷ്‌തോമസിനും സഹയാത്രികനും, വന്നു കണ്ടു പോയ മറ്റെല്ലാവര്‍ക്കും നന്ദി.

സുനീഷ് തോമസ് / SUNISH THOMAS said...

അഞ്ചലേ നിങ്ങളോടു ഞാന്‍ പ്രതിഷേധിച്ചിട്ടില്ല. വായിച്ച കൂട്ടത്തില്‍ അതിലെ പൊതുസത്യം വിളിച്ചു പറഞ്ഞെന്നേയൂള്ളൂ. അപ്രിയമായെങ്കില്‍ മാപ്പ്!
വീണ്ടും സ്മൈലി നൂറ്റമ്പത്!

തറവാടി said...

സുനിഷ്‌ തോമസ്‌ ,

താങ്കള്‍ പറയുന്ന പത്രധര്‍മ്മം എന്ന സാധനം ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഒരു പത്രം പറയാമോ , അതു പതിവായി വായിക്കാനായിരുന്നു ,

സ്മൈലി , സ്മൈലി ,സ്മൈലി

സുനീഷ് തോമസ് / SUNISH THOMAS said...

തറവാടിച്ചേട്ടാ,
പത്രധര്‍മം മാത്രം പൊതിഞ്ഞുകെട്ടി വിട്ടാല്‍ മൂന്നാം ദിവസം നിങ്ങളും വായനനിര്‍ത്തും. പത്രം പൂട്ടും. അപ്പോ ആരു നോക്കും!!

വീണ്ടും സ്മൈലി.

(തല്ലരുതു കെട്ടോ. ഞാന്‍ പാവമാണെന്നാ നാട്ടുകാരു പറയുന്നത്!)

ശ്രീ said...

ചൂടുള്ള വാര്‍‌ത്ത തന്നെ
:)

മൂര്‍ത്തി said...

ഒരു യുവാവ് പത്തുപേരെ പറ്റിച്ചു ഇന്നത്തെ ചുടുവാര്‍ത്ത എന്ന അനൌന്‍സ്‌മെന്റ് കേട്ട് പത്രം വാങ്ങിയ ആള്‍ പത്രം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും വാര്‍ത്ത കണ്ടില്ല. ഇതില്‍ ആ വാര്‍ത്ത ഇല്ലല്ലോടോ എന്ന് ചോദിക്കാന്‍ വേണ്ടി തിരിഞ്ഞപ്പോഴാണ് പത്രക്കാരന്റെ പുതിയ അനൌണ്‍സ്‌മെന്റ് കേട്ടത്...
ഇന്നത്തെ ചുടുവാര്‍ത്ത ഒരു യുവാവ് പതിനൊന്നുപേരെ പറ്റിച്ചു... :)